Wednesday, April 22, 2009

ഒന്നുമല്ലാത്തവര്‍

ചാറെഴും ഞാവല്‍‌പഴതുമ്പിലൂറിയ
ചേലെഴും നീര്‍‌ക്കണം മന്ദമോതി
സൂര്യാ നിനക്കറിയാമോ അറിഞ്ഞു ഞാന്‍‌
ഞാനൊന്നുമല്ല, ഞാനൊന്നുമല്ല

കാറ്റതുകേട്ടുപറന്നകലേക്കായി
പാടിയവനുമാ ദീര്‍ഘഗാനം
തൊടിയിലെ ചെടികളും പക്ഷിമൃഗാദിയും
കടലും കരയുമതേറ്റുപാടി

ഒഴുകുന്നു ഹര്‍ഷസുഗന്ധമായുണ്മയാ-
യറിവിന്റെയാപാട്ടുപൃഥ്വിതന്നില്‍‌
നിറയുന്നു നാദലയത്തിന്‍‌‌പ്രപഞ്ചമീ-
യെളിമതന്‍‌ ഗീതസുധാരസത്താല്‍‌

വിരിയുന്ന പൂക്കളുമാനന്ദനൃത്തമോ-
ടറിവിന്റെയാപാട്ടുമേറ്റുപാടി
അറിവിന്റെനാഥനുമുന്നിലവര്‍പാടി
ഞാനൊന്നുമല്ല, ഞാനൊന്നുമല്ല

മരമുട്ടിപോലുള്ള മര്‍ത്ത്യനതുകേട്ടു
ഒരുക്ഷണം നിന്നു ചിരിച്ചുപിന്നെ
ഞാനെന്ന ഞാനാണ്‍ ഞാനല്ലതൊന്നുമി-
ല്ലീ(ല്ലാ)വിധം പാടി രസിച്ചു മെല്ലെ

എന്നിലേക്കെല്ലാം ഞാന്‍‌തന്നിഷ്ട്ടംചെയ്യു-
മെന്നുള്ളില്‍‌ നിനച്ചവനഹന്തയാലെ
പൊള്ളുന്നകൈകളാല്‍‌ കൊന്നുമുടിച്ചവ-
നങ്ങനെ ലോകം‌പിടിച്ചടക്കി

ഒന്നുമല്ലാത്തവരൊന്നുമുരിയാടാ-
തെല്ലാംത്യജിച്ചുപൊറുത്തുനിന്നു
എല്ലാംനിയന്താവിലര്‍പ്പിച്ചവര്‍പാടി
ഒന്നുമല്ല ഞങ്ങളൊന്നുമല്ല

നമ്മിലൊരുവനാം‌ മര്‍ത്ത്യനിതെങ്ങനെ
കൊള്ളരുതാത്തവനായി മാറി
ത്യാഗം പരമാത്മ ദര്‍ശനം
പാരിതില്‍‌ പാരമ്യഭക്തിമറ്റൊന്നുമില്ല.

No comments:

Post a Comment